തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ അറിയിച്ചു. ജീവനക്കാർ വാതിൽ തുറന്നിട്ടതടക്കമുള്ള സുരക്ഷാ വീഴ്ചകൾ പരിശോധനാ പരിധിയിൽ വരും.(Deer death incident at Thrissur Zoological Park, Chief Wildlife Warden says staff's lapses will be investigated)
നായ്ക്കൾ കടന്നതിനെ തുടർന്നുള്ള കടുത്ത സമ്മർദ്ദം മാനുകളുടെ മരണത്തിലേക്ക് നയിച്ചുവെന്നും ഇത് "ക്യാപ്ചർ മയോപ്പതി" എന്ന അവസ്ഥയാണെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി. സുരക്ഷാ പഴുതുകൾ ഉടൻ പരിഹരിക്കും. മാൻകൂട്ടിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ശുപാർശ നൽകുമെന്നും, ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ കരുതലും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഇന്നലെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിക്കുകയും ഉന്നതതല സമിതിക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രതികരണം ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് വന്നത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ (കൺവീനർ), വനം വിജിലൻസ് വിഭാഗം സി.സി.എഫ് ജോർജി പി. മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. സമിതി നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സുവോളജിക്കൽ പാർക്കിലെ പുള്ളിമാനുകളെ പാർപ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവുനായ്ക്കൾ അതിക്രമിച്ച് കയറി ആക്രമിച്ചതിൽ ഏതാനും പുള്ളിമാനുകൾ ചത്ത സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വനംമന്ത്രി അറിയിച്ചു.