കൊച്ചി: വിമാനത്താവളത്തിൽ നിന്ന് കാണാതായ കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമ മരിച്ചെന്ന് സംശയം. കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്.(Days-old decomposed body found in Kalamassery, Suspected to be of missing Suraj Lama)
കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽപ്പെട്ട് കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ലാമയെ കുവൈത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കാണാതായ ലാമയ്ക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് ലാമയാണെന്ന് സംശയം ഉണ്ടെന്നും, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനായി ലാമയുടെ കുടുംബത്തോട് അടിയന്തരമായി കളമശ്ശേരിയിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.