കേരളത്തിൽ തണുപ്പ് പരത്തി ഡിറ്റ് വാ ചുഴലിക്കാറ്റ് : പകൽ സമയത്ത് പോലും താപനില കുറയാൻ കാരണം എന്തെന്ന് അറിഞ്ഞാലോ ? | Cyclone Ditwah

കനത്ത തോതിൽ മേഘങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്
Cyclone Ditwah spreads cold in Kerala, know the reason
Updated on

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെടുന്ന തണുത്ത അന്തരീക്ഷത്തിന് കാരണം ഡിസംബറിലെ മഞ്ഞുകാലമല്ല, മറിച്ച് ശ്രീലങ്കൻ തീരം കടന്ന് ഇന്ത്യൻ തീരത്തേക്ക് എത്തിയ 'ഡിറ്റ് വാ' ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങൾ അന്തരീക്ഷത്തിന് മുകളിൽ തങ്ങിനിൽക്കുന്നതാണ് പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയ്ക്ക് കാരണം.(Cyclone Ditwah spreads cold in Kerala, know the reason )

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കനത്ത തോതിൽ മേഘങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. കേരളം ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റുകൾക്ക് പുറത്താണെങ്കിലും, ഈ മേഘങ്ങൾ കാരണം സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന്റെ തോത് കുറവാണ്. തന്മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നില്ല. ഇതാണ് പകലും രാത്രിയും താപനില കുറഞ്ഞുനിൽക്കാൻ പ്രധാന കാരണം.

ചുഴലിക്കാറ്റുകൾ സാധാരണഗതിയിൽ മേഖലയിലെ താപനില കുറയ്ക്കാറുണ്ട്. ഉയർന്ന അന്തരീക്ഷ പാളികളിലെ തണുത്ത വായുവിനെ അപ്പർ എയർ സർക്കുലേഷനുകളും ചുഴലിക്കാറ്റുകളും താഴേക്ക് കൊണ്ടുവരും. ഇത് താഴ്ന്ന അന്തരീക്ഷ പാളിയെ തണുപ്പിക്കുന്നു. ചുഴലിക്കാറ്റിന്റെ 'സ്‌പൈറൽ ബാന്റ്' എന്നറിയപ്പെടുന്ന ഔട്ടർ ബാന്റുകൾ ഈർപ്പത്തെ കേരളത്തിനു മുകളിലേക്ക് എത്തിക്കുന്നതും തണുപ്പിന് കാരണമാണ്.

ചുഴലിക്കാറ്റിന്റെ ഔട്ടർ ബാന്റിലായതിനാലാണ് അന്തരീക്ഷം മൂടിക്കെട്ടി നിന്നിട്ടും കേരളത്തിൽ കാര്യമായി മഴ ലഭിക്കാത്തത്. കൂടാതെ, കേരളത്തിലേക്ക് ഉത്തരേന്ത്യൻ വരണ്ട കാറ്റിന്റെ സ്വാധീനവും നിലനിൽക്കുന്നുണ്ട്. രാത്രിയും പുലർച്ചെയുമാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിൽ പകൽ സമയങ്ങളിൽ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലെ മിക്ക ജില്ലകളിലും ദിവസം മുഴുവൻ തണുത്ത അന്തരീക്ഷ സ്ഥിതി തുടരും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ നീങ്ങി തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഡിറ്റ് വയുടെ ശക്തി കുറയുന്നതിനനുസരിച്ച് കേരളത്തിൽ സൂര്യപ്രകാശവും പൂർവ്വസ്ഥിതിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച ഡിറ്റ് വാ നവംബർ 30-നാണ് ഇന്ത്യൻ തീരത്തേക്ക് എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com