തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡിറ്റ് വാ (Ditwah) ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തിന് സമീപത്തുകൂടി വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. ചുഴലിക്കാറ്റ് നവംബർ 30, 2025 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Cyclone Ditwah, Kerala to receive heavy rains)
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, നവംബർ 28, 29 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ശക്തമായ മഴ എന്നാൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.