കണ്ണൂർ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്കെതിരെ സൈബർ ആക്രമണം നടത്താൻ വീട്ടമ്മയായ യുവതിയുടെ മൊബൈൽ നമ്പർ കബളിപ്പിച്ച് ഉപയോഗിച്ചതായി പരാതി. മൈസൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഇരിക്കൂർ സ്വദേശിനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Cyber attack against KC Venugopal on Fake account using young woman's mobile number)
മൈസൂരിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ ഇരിക്കൂർ സ്വദേശിനിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടന്നത്. യുവതിയുടെ നമ്പറുമായി ബന്ധിപ്പിച്ച 'കുണ്ടറ ബേബി' എന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡി.യിൽ നിന്നാണ് കെ.സി. വേണുഗോപാലിനെതിരായ ആക്രമണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോൺ നമ്പർ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഉപയോഗിക്കുന്നത് പരാതിക്കാരിയായ യുവതിയാണ്. എന്നാൽ, താൻ ഉപയോഗിക്കുന്ന നമ്പർ ഉപയോഗിച്ച് ഇത്തരമൊരു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച കാര്യം യുവതി അറിഞ്ഞിരുന്നില്ല. കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് തന്റെ പേരിലുള്ള നമ്പറുമായി ബന്ധിപ്പിച്ച ഫേസ്ബുക്ക് ഐ.ഡി.യും ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
വ്യാജ ഐ.ഡി. നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. മൈസൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.