പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗലൂരിലെ റിസോർട്ടിൽ ആണെന്ന് റിപ്പോർട്ട്. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയുണ്ടായിരുന്നുവെന്നും അതിനുശേഷം കർണാടകയിലേക്ക് കടന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് ഇയാൾ സ്ഥലം വിട്ടു. ഞായറാഴ്ച്ചയാണ് ഇയാൾ ഇവിടെ എത്തിയത് എന്നാണ് കരുതുന്നത്. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും രാഹുൽ താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.(Crucial information, Rahul Mamkootathil hid in the Tamil Nadu-Karnataka border)
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം പോയത് പൊള്ളാച്ചിക്കാണ്. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴി ഹൈവേ ഒഴിവാക്കിയാണ് എം.എൽ.എ. കടന്നിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും സൂചനയുണ്ട്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിൽ തിരച്ചിൽ ഊർജിതമാക്കി. ഒന്നിലധികം സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. തമിഴ്‌നാട് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം അന്വേഷണ സംഘം തേടി. കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. സഹായത്തിനായി തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഒപ്പമുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ നാളെ (ബുധനാഴ്ച) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ബി.എൻ.എസ്. 366 (ഭാരതീയ ന്യായ സംഹിത വകുപ്പ് 366) പ്രകാരമാണ് രാഹുൽ ഹർജി നൽകിയത്. ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്താൻ കഴിയും.
ഈ വകുപ്പനുസരിച്ച് വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാൻ ഇളവുണ്ട്. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഹർജി ഈ വകുപ്പ് പ്രകാരം കേൾക്കണമെന്ന് മാത്രമാണ് ആവശ്യം.
അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘം രാഹുലിന്റെ ഫ്ലാറ്റിൽ വീണ്ടും എത്തി കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്.ഐ.ടി. താൻ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4:30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും, രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെക്കുറിച്ച് അറിയില്ലെന്നുമാണ് കെയർടേക്കർ മൊഴി നൽകിയത്. കൂടാതെ, സി.സി.ടി.വി. സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ചു എന്ന് ആരോപിക്കപ്പെടുന്ന ചുവന്ന പോളോ കാർ രണ്ടാഴ്ചയായി ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും വ്യാഴാഴ്ചയ്ക്ക് ശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകി. രാഹുലിന്റെ മൂന്ന് കാറുകളും എം.എൽ.എ. മാറി മാറി ഉപയോഗിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 4:30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും, രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെക്കുറിച്ച് അറിവില്ലെന്നും കെയർടേക്കർ മൊഴി നൽകി. സി.സി.ടി.വി. സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും കെയർടേക്കർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.