കണ്ണൂർ: ഏറെ രാഷ്ട്രീയ വിവാദമായ പാലത്തായി ലൈംഗികാതിക്രമ കേസിൽ ബി.ജെ.പി. നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് നിർണായക വിധി പ്രഖ്യാപിച്ചത്. പ്രതിക്കുള്ള ശിക്ഷാവിധി നാളെ (നവംബർ 15) പ്രഖ്യാപിക്കും.(Court finds BJP leader guilty in Palathayi POCSO case, Sentencing tomorrow)
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ.ബി., ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെയും വധശിക്ഷ വരെയും ലഭിക്കാവുന്ന വകുപ്പുകളാണിത്.
2020 ജനുവരി 15-നും ഫെബ്രുവരി രണ്ടിനുമിടയിൽ പാനൂർ പാലത്തായിയിലെ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് 10 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസ് അതിന്റെ തുടക്കം മുതൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു:
പരാതി വ്യാജമാണെന്നും എസ്.ഡി.പി.ഐ.യുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു. അഞ്ചു തവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായിരുന്നു.
കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പ്രതിക്കെതിരെ പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വൻ വിവാദമായി. കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബി.ജെ.പി.യും ഒത്തുകളിക്കുന്നു എന്ന് മുസ്ലീം ലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.