

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയവും ചർച്ചയാകുന്നു. പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ അംഗത്തിന് 7000 രൂപയാണ് ഓണറേറിയം ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപയും വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,200 രൂപയും ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 7,600 രൂപയും പ്രതിമാസം ഓണറേറിയം ഇനത്തിൽ ലഭിക്കും. (Honorarium)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മാസം 15,800 രൂപയാണ് ലഭിക്കുക. വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും ജില്ലാ പഞ്ചായത്ത് അംഗത്തിന് 8,800 രൂപയും ലഭിക്കും. നഗരസഭയിലെ ശമ്പള നിരക്ക് പരിശോധിച്ചാൽ ചെയർമാന് പ്രതിമാസം 14,600 രൂപയാണ് ലഭിക്കുക. വൈസ് ചെയർമാന് 12,000 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 8,800 രൂപയും നഗരസഭാ കൗൺസിലർക്ക് 7,600 രൂപയും ലഭിക്കും.
കോർപ്പറേഷൻ മേയർ എന്നത് പ്രോട്ടോക്കോൾ പ്രകാരം വലിയ പദവിയാണെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന അതേ ഓണറേറിയമായ 15,800 രൂപയാണ് മേയർക്കും ലഭിക്കുക. ഡെപ്യൂട്ടി മേയർക്ക് 13,200 രൂപയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 9,400 രൂപയും കൗൺസിലർക്ക് 8,200 രൂപയുമാണ് ഓണറേറിയമായി ലഭിക്കുക. ഇതിനൊപ്പം കൂടുതലായി സിറ്റിംഗ് ഫീയും ലഭിക്കും.