കോഴിക്കോട്: നാദാപുരത്ത് സി.പി.എം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറ് പേർക്ക് പരിക്കേറ്റു. നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടു എന്നാരോപിച്ചാണ് സംഘർഷം ആരംഭിച്ചത്. പാർട്ടി പ്രവർത്തകനായ ഭവിഷ്ലാഷിനെ, ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മർദ്ദിച്ചു എന്നാണ് ആരോപണം. സജീവനെ സ്ഥാനാർഥിയാക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, ഭവിഷ്ലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർഥിയാക്കിയെന്ന് ആരോപിച്ചതിനെ തുടർന്നാണ് തർക്കവും സംഘർഷവുമുണ്ടായത്. ഭവിഷ്ലാഷിനും അദ്ദേഹത്തിൻ്റെ രക്ഷിതാക്കൾക്കും, സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.