കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരത്തിനായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചുറ്റുമതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. കൊച്ചി നഗരസഭയുടെയും ജിസിഡിഎയുടെയും സംയുക്ത പരിശോധനയിലാണ് നിർമ്മാണത്തിലെ ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. ഇതേത്തുടർന്ന് ചുറ്റുമതിലിന്റെ പണി നിർത്തിവെക്കാൻ നഗരസഭാധികൃതർ നിർദ്ദേശം നൽകി.(Construction of the compound wall at Kaloor Stadium found to be illegal, Construction halted)
അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഫിഫാ മാനദണ്ഡപ്രകാരം സ്റ്റേഡിയം ഒരുക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, നിർമ്മാണം കാരണക്കോടം തോടിന്റെ സംരക്ഷണ ഭിത്തിയെ ബാധിക്കുന്ന രീതിയിലാണെന്ന് കണ്ടെത്തി.
ചുറ്റുമതിലിന്റെ കൂടുതൽ ഭാഗവും കാരണക്കോടം തോടിന്റെ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് കെട്ടിയിരിക്കുന്നത്. സംരക്ഷണ ഭിത്തിക്ക് മുകളിൽ ഉയർത്തി ബെൽറ്റ് വാർത്താണ് മതിൽ പണിയുന്നത്.
എല്ലാ വർഷവും കാരണക്കോടം തോട് വൃത്തിയാക്കുന്നതുകൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാകുന്നത്. എന്നാൽ, സംരക്ഷണ ഭിത്തിക്ക് മുകളിൽ മതിൽ വന്നതോടെ, ചെളി കോരുന്നതിനായി ജെസിബിക്കും ലോറിക്കും തോടിനടുത്തേക്ക് എത്താൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായി. ഇത് ഭാവിയിൽ നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകും.
മതിൽ നിർമ്മാണത്തിൽ സിആർഇസഡ് (തീരദേശ പരിപാലന നിയമം) ലംഘനം നടന്നതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.മതിൽ കെട്ടുന്നതിന് കോർപ്പറേഷനിൽ നിന്ന് എൻ.ഒ.സി. എടുക്കേണ്ടതുണ്ട്. എന്നാൽ ഇത് എടുക്കാതെയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നതെന്നും കണ്ടെത്തി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മേയർ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്.