തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരയ്ക്കെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.(Congress has no involvement in cyber attack against victim, VD Satheesan on Rahul Mamkootathil issue)
പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ഇരയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് ബന്ധമില്ല. പാർട്ടിയിൽ നിന്നുള്ളവരാണ് ആക്രമണം നടത്തുന്നതെങ്കിൽ നടപടിയെടുക്കും. എന്നാൽ, അതൊന്നും പാർട്ടിയിലുള്ളവരല്ല. സൈബർ ആക്രമണം നടത്തുന്നത് സി.പി.എമ്മിന്റെ രീതിയാണെന്നും സതീശൻ ആരോപിച്ചു.
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരെ വിമർശിച്ചു. തന്റെ വാർത്താ സമ്മേളനം തകർക്കാൻ ചിലർ മുന്നിട്ടിറങ്ങുകയാണെന്നും രാഹുലിനെക്കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ മറുപടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സി.പി.എം., കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സി.പി.എം. സ്ഥാനാർത്ഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.