പ്രതിയിൽ നിന്ന് പൊലീസ് പണംതട്ടിയതായി പരാതി; റിപ്പോർട്ട് നൽകാൻ കോടതി നിർദേശം

ആഗസ്റ്റ് 30ന് വൈകീട്ടാണ് കള്ള് ചെത്തുതൊഴിലാളിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ട കാണിച്ച പരാതിയിൽ ചിറ്റൂർ പ്രബേഷണറി എസ്.ഐ അടങ്ങുന്ന സംഘം എല്ലപ്പട്ടാം കോവിലിലെ തെങ്ങിൻ തോപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്ന് മൊബൈൽ ഫോണും പഴ്സും കസ്റ്റഡിയിലെടുക്കുകയും അന്ന് വൈകീട്ട് തന്നെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പഴ്സിലുണ്ടായിരുന്ന 11,810 രൂപക്ക് പകരം 810 രൂപ മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് പരാതി.

സെപ്റ്റംബർ അഞ്ചിന് വീണ്ടും കോടതിയിലെത്തിയപ്പോഴാണ് പണം കണക്കിലില്ലാത്തത് പ്രതിയറിഞ്ഞത്. തുടർന്ന് കോടതിയിൽ പരാതി നൽകുകായായിരുന്നു. ചിറ്റൂർ സബ് ജയിലിൽ റിമാൻഡിലായ പ്രതിയുടെ പരാതി ജയിലധികൃതർ കോടതിക്ക് കൈമാറി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.