

തിരുവനന്തപുരം: ഗൾഫ് സന്ദർശനത്തിന്റെ അവസാന ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനമാണ് മുഖ്യമന്ത്രി ദുബായിൽ നടത്തുക. അതേസമയം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് ആരോപിച്ച് ദുബായ് കെ.എം.സി.സി പരിപാടികൾ ബഹിഷ്കരിക്കുമെന്ന് അറിയിച്ചു.(CM Pinarayi Vijayan in Dubai tomorrow, KMCC says it will boycott the event)
അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനമാണ് ദുബായിൽ പൂർത്തിയാകുന്നത്. നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന ദുബായ് സന്ദർശനം, അതിദാരിദ്ര്യമുക്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിക്ക് മടങ്ങേണ്ടിവന്നതിനാൽ മാറ്റിവെക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസ് നേതാക്കൾ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന 'ഓർമ്മ കേരളോത്സവത്തിൽ' മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും.
ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് സന്ദർശനമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം.സി.സി. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കുന്നത്. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.