തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അവകാശവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടകംപള്ളിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമം നടക്കുന്നുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.(CM has no right to make claims in SIT investigation into Sabarimala gold theft case, says VD Satheesan)
"അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ടാണ് സി.പി.എം. നടപടി എടുക്കാത്തത്?" എന്നും അദ്ദേഹം ചോദിച്ചു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത് വെറും പി.ആർ. സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്‌ലാമിയുമായി എൽ.ഡി.എഫിന് നേരിട്ട് ബന്ധമുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. 'അതിന്റെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്," പ്രതിപക്ഷ നേതാവ് പറഞ്ഞു. "അമീറിന്റെ കൂടെ പിണറായി ഇരിക്കുന്ന ഫോട്ടോയാണത്, അല്ലാതെ സോളിഡാരിറ്റി പിള്ളേരല്ല," എന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ വാദങ്ങളെ വി.ഡി. സതീശൻ തള്ളി. കൂടാതെ, മുഖ്യമന്ത്രിക്ക് അനുകൂലമായി നിലപാടെടുത്ത എ.എ. റഹീം എം.പി.യെ പരിഹസിച്ചുകൊണ്ട് അദ്ദേഹം 'ബ്രിട്ടാസ് പുതിയ പാലമാണ്' എന്നും പറഞ്ഞു.