പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പ്രിയരഞ്ജൻ പിടിയിൽ. ഇന്ന് വൈകിട്ട് കേരള - തമിഴ്നാട് അതിർത്തി മേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പൂവച്ചല്‍ സ്വദേശിയായ ആദിശേഖർ(15) എന്ന കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയതിന് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പുളിങ്കോട് ക്ഷേത്രമതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് പ്രിയരഞ്ജൻ ബന്ധുവായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നരഹത്യാ സാധ്യത പോലീസിന് വെളിപ്പെട്ടത്. സൈക്കിളില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടിയെ, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
അപകടത്തിന് പിന്നാലെ പ്രിയരഞ്ജന്റെ എസ്യുവി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രിയരഞ്ജന് ഒളിവില്‍ പോയതിനാല്‍ ഇയാളുടെ ഭാര്യയാണ് കാറിന്റെ താക്കോല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.