‘ചാണ്ടി ഉമ്മന്റെ ആരോപണം തള്ളുന്നില്ല, ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കട്ടെ’- ജെയ്ക് സി.തോമസ്
Updated: Sep 6, 2023, 13:02 IST

കോട്ടയം; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമം നടന്നെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രസ്‍താവനയിൽ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. ചാണ്ടി ഉമ്മന്റെ ആരോപണം തള്ളിക്കളയുന്നില്ല. ഗൂഢാലോചനയുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരാതി കൊടുക്കട്ടെയെന്നും അന്വേഷണം നടക്കട്ടെയെന്നും ജെയ്ക് വ്യക്തമാക്കി.

തിരുവഞ്ചൂർ എൽപി സ്കൂളിലും മണർകാട് കവല ഗവൺമെന്റ് സ്കൂളിലും ളാക്കാട്ടൂർ സ്കൂളിലുമാണു വോട്ടെടുപ്പ് വൈകിയെന്ന് ആരോപണം ഉണ്ടായിരുന്നു. ഈ കേന്ദ്രങ്ങളിലൊക്കെ മുൻകാലങ്ങളിലുണ്ടായ പോളിങ്ങിന് ആനുപാതികമായി ഇത്തവണ പോളിങുണ്ടായിട്ടുണ്ട്. പോളിങ് ബോധപൂർവം വൈകിപ്പിച്ച് ആളുകളെ തിരികെ അയയ്ക്കാനുള്ള ശ്രമമുണ്ടായെന്ന വാദം വസ്തുതകളുമായി ചേർന്നുനിൽക്കുന്നതല്ല. എന്നാൽ അങ്ങനെ ആരോപണമുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും ജെയ്ക് പറഞ്ഞു.