ചാണ്ടി ഉമ്മന്‍ ലഭിച്ചത് കേരളത്തിന്റെ മുഴുവന്‍ പിന്തുണ, ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടും കിട്ടി: സതീശന്
Sep 9, 2023, 13:45 IST

കോഴിക്കോട്: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലഭിച്ചത് കേരളത്തിന്റെ മുഴുവന്‍ പിന്തുണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ വോട്ടുകള്‍ പോലും തങ്ങൾക്ക് കിട്ടിയെന്നും സതീശന് പഅവകാശപ്പെട്ടു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും രോഷവുമാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തില്‍ പ്രകടമാകുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രസ്താവന ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ എം.വി.ഗോവിന്ദന് മാറ്റിപ്പറഞ്ഞു. ഒരു കാര്യം പറഞ്ഞാല്‍ പത്തെണ്ണുന്നതിന് മുമ്പ് മലക്കം മറിയാന്‍ വിദഗ്ധനാണ് എംവി ഗോവിന്ദനെന്നും സതീശന് വിമര്‍ശിച്ചു.പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിനെ നേരിട്ടതുപോലെ ഒരേ മനസോടെയാണ് പ്രവര്‍ത്തിച്ചത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ വിജയമന്ത്രം ഇതായിരിക്കും.തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തോല്‍വി നേരിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും സതീശന് പ്രതികരിച്ചു.