കാക്കനാട് : തൃക്കാക്കരയിൽ ഒഴിഞ്ഞ പറമ്പിലെ മാലിന്യക്കൂമ്പാരത്തിൽ 2000 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി. നിരോധിച്ച രണ്ടായിരം രൂപയുടെ അൻപതോളം നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ആദ്യം യഥാർത്ഥ നോട്ടുകളാണെന്ന് കരുതിയത്. എന്നാൽ സിനിമാ ഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ച ഡമ്മി കറൻസിയാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃക്കാക്കര നഗരസഭയിലെ പാലച്ചുവട് വാർഡിലെ ഒഴിഞ്ഞ പറമ്പിലാണ് മറ്റ് മാലിന്യങ്ങളോടൊപ്പം 2,000 രൂപയുടെ നോട്ടുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചിയുടെ ഇടപെടലിൽ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ നോട്ടുകൾ യഥാർത്ഥമല്ലെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
അതേ സമയം, സാമ്പത്തിക തട്ടിപ്പോ മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് ഉറപ്പായതോടെ അന്വേഷണം സിനിമാ മേഖലയിലേക്ക് നീട്ടിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടികൾ ലഭിക്കാനായി പൊലീസ് സിനിമാ സംഘവുമായി ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.