അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി; വീട്ടുവളപ്പിൽ നിന്ന് മൃതദേഹം കണ്ടെടുത്തു
Sep 6, 2023, 17:30 IST

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജിന്‍റെ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പതിനൊന്ന് ദിവസം മുൻപാണ് രാജിനെ കാണാതാകുന്നത്. അമ്മ ഓണത്തിന് ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി തിരികെ വന്ന ശേഷമാണ് രാജിനെ കാണാനില്ലെന്ന വിവരമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് അമ്മ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാജും സഹോദരനും ബിനുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇതുമൂലമുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നുമാണ് പൊീലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് എന്നാണ് എന്നതിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.