സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം : ഡിഎൻഎ പരിശോധനാ ഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുന്നു

കുന്നംകുളത്തെ ഒരു വീട്ടിലെ സെപ്‌റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെടുത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ രണ്ട് മാസത്തോളമായി കാണാതായ അഞ്ഞൂർ സ്വദേശി പ്രതീഷിന്റെ മൃതദേഹമാണെന്ന് പോലീസ് അന്വേഷണ സംഘം കരുതുന്നു. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നാലുടൻ മരിച്ചയാളുടെ പേരുവിവരം അന്വേഷണസംഘം സ്ഥിരീകരിക്കും. പ്രതീഷിന്റെ മൃതദേഹമാണെന്ന സൂചനയാണ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതെന്ന് കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ ഷാജഹാൻ യു കെ പറഞ്ഞു.

“ഡിഎൻഎ ഫലം ലഭ്യമായതിന് ശേഷം മാത്രമേ ഞങ്ങൾക്ക് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ. എന്നാൽ, സംഭവസ്ഥലത്ത് നിന്ന് ലഭിച്ച നിർണായക തെളിവുകൾ പ്രതീഷിന്റെ മൃതദേഹമാണെന്ന് തെളിയിക്കുന്നു. പ്രതീഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സിം കാർഡ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തു. സാധാരണയായി പുരുഷന്മാർ ധരിക്കുന്ന ഒരു കമ്മലും മൃതദേഹത്തിന്റെ ചെവിയിൽ കാണാം. ഒറ്റക്കമ്മലാണ് പ്രതീഷിന്റെ പതിവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, പൂർണമായും അഴുകിയ നിലയിലായതിനാൽ പ്രതീഷിന്റെ മൃതദേഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല,” ഷാജഹാൻ പറഞ്ഞു.
തിങ്കളാഴ്ചയാണ് അഞ്ഞൂർ സ്വദേശി ശിവരാമന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. 49 കാരനായ ശിവരാമൻ ഓഗസ്റ്റ് 25 ന് വീട്ടിനുള്ളിൽ തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. ശിവരാമനും പ്രതീഷും അടുത്ത സുഹൃത്തുക്കളായിരുന്നു. ശിവരാമൻ കുറച്ചുകാലമായി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്, പ്രതീഷ് വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു, ഇരുവരും ഒരുമിച്ച് മദ്യം കഴിക്കുന്നത് പതിവായിരുന്നു.
ഓഗസ്റ്റ് 25ന് ശിവരാമൻ ആത്മഹത്യ ചെയ്‌തെങ്കിലും മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം നാട്ടുകാർ അറിയുന്നത്. ചേരിൽക്കാലിൽ വീട്ടിൽ കുമാരന്റെ മകൻ പ്രതീഷിനെ (40) ജൂലായ് 18-നാണ് കാണാതായത്. ബെംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണാവധി കഴിഞ്ഞ് നാട്ടിൽ വരുമെന്നും ഭാര്യ റീനയോട് പറഞ്ഞാണ് പ്രതീഷ് വീട്ടിൽ നിന്ന് പോയത്. തിരികെ വരാത്തതിനെ തുടർന്ന് ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സെപ്റ്റംബർ ഒന്നിന് കുന്നംകുളം പോലീസിൽ റീന മിസ്സിംഗ് കേസ് ഫയൽ ചെയ്തു.