പാലക്കാട്: ചിറ്റൂരിൽ കാണാതായ പതിനാല് വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെയും മൃതദേഹങ്ങൾ കുളത്തിൽ നിന്ന് കണ്ടെത്തി. ഇതോടെ, ഇന്നലെ വൈകുന്നേരം മുതൽ കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു.(Bodies of 2 missing twin brothers found in Palakkad)
ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇരുവരും ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ചിറ്റൂർ ശിവൻകോവിലിലെ കുളത്തിൽ നിന്ന് ഇന്ന് രാവിലെ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൂത്ത സഹോദരനായ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഇരട്ടക്കുട്ടികളായ ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു. മീൻ പിടിക്കാനായാണ് ഇവർ കുളത്തിൽ ഇറങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നും കരുതുന്നു.