ബിയർ നൽകിയില്ല: യുവാവിനെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.
പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകരപുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന ബിനുരാജി(45)നെ ആണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിലായിരുന്നു കേസിനസാദമായ സംഭവം നടന്നത്.

പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിയർ നൽകാൻ തയാറാകാത്തതിലുള്ള വിരോധത്തിൽ അസഭ്യം വിളിക്കുകയും ബിനുരാജ് ഇടുപ്പിൽ കരുതിയിരുന്ന കഠാരയെടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയുമായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇൻസ്പെക്ടർ ബി. ജയൻ, പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.