തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ വിവാദം കുത്തിപ്പൊക്കുന്നത് സി.പി.എം. ആണെന്നും, ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.(Attempt to divert attention from Sabarimala gold theft, says VD Satheesan)
"കോൺഗ്രസ് നേതാക്കൾ ആരും സി.പി.എമ്മിന്റെ ആ കെണിയിൽ വീഴരുത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് നിലപാടിൽ നല്ല വ്യക്തതയുണ്ട്," തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ വി.ഡി. സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണക്കൊള്ളയാണ് പ്രധാന ചർച്ചാവിഷയമെന്ന് സതീശൻ ആവർത്തിച്ചു. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സി.പി.എം. ഗൂഢാലോചനയുണ്ട്. കൊള്ളയുടെ വിവരം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കടകംപള്ളിയാണ്. ഇതിനുള്ള തെളിവുകൾ യു.ഡി.എഫ്. ഹാജരാക്കാൻ തയ്യാറെടുക്കുകയാണ്. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. (SIT) തന്ത്രിയുടെ പങ്കടക്കം അന്വേഷിക്കട്ടെ. അതിൽ ആർക്കും ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.