കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനിയായ യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തി. അതുല്യ തന്നെ കയ്യൊടിഞ്ഞപ്പോൾ പോലും ബെൽറ്റ് ഉപയോഗിച്ച് മർദിച്ചുവെന്നാണ് ഇയാൾ പറഞ്ഞത്. ശരീരം മുഴുവൻ പാടുകൾ ഉണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.(Athulya's death case)
ഇയാൾക്കെതിരെ യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. പുതിയ ജോലിക്ക് പോകാനിരുന്നപ്പോഴാണ് സംഭവമെന്നാണ് ഇയാൾ പറഞ്ഞത്. താൻ പുറത്ത് പോയി വന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നും, വീട്ടുകാരുമായി താൻ സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നും സതീഷ് പറയുന്നു.
അബോർഷൻ ചെയ്തത് തന്നെ മാനസികമായി തളർത്തിയെന്നും, അതിനാലാണ് മദ്യപിച്ചതെന്നും ഇയാൾ പറയുന്നു. കൊല്ലത്തെ ആശുപത്രിയിലാണ് അബോർഷൻ നടത്തിയതെന്നും, അന്ന് മുതൽ മാനസികമായി അകന്നുവെന്നും പറയുന്ന സതീഷ്, തനിക്ക് രണ്ടു ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതുല്യയുടെ പിതാവ് പറയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി.
മദ്യപിക്കുമ്പോൾ വഴക്കിടുമെന്നും, ആ വീഡിയോയാണ് ഭാര്യ എടുത്തിരുന്നതെന്നും വെളിപ്പെടുത്തിയ അദ്ദേഹം, ആ വീഡിയോ ഇപ്പോൾ തനിക്ക് നെഗറ്റീവ് ആയെന്നും, നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ ആയെന്നും കൂട്ടിച്ചേർത്തു. നാട്ടിലെ വാടക വീടിൻ്റെ പൈസ കൈപ്പറ്റുന്നത് അതുല്യയുടെ അമ്മയാണെന്നും, സ്വർണ്ണമൊന്നും താൻ എടുത്തിട്ടില്ല എന്നും അയാൾ വ്യക്തമാക്കി. സത്യം തനിക്ക് അറിയണമെന്നും, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും, ഫ്ളാറ്റിലെ ക്യാമറ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.