

ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി രസകരമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. പ്രശസ്ത ചലച്ചിത്ര താരവും നിർമ്മാതാവുമായ ഷറഫുദ്ദീൻ അതിഥിയായെത്തിയത് കുട്ടികൾക്ക് ആവേശമായി.
"നമ്മൾ വീണ്ടും കുഞ്ഞുമനസ്സുള്ളവരായി മാറാൻ ശ്രമിക്കണം. ഒരിക്കൽ നമുക്കുണ്ടായിരുന്ന ആ ചിന്തകൾ എത്ര വിലയേറിയതായിരുന്നു. പിന്നീട് എവിടെയോ വെച്ച് അതൊക്കെ നഷ്ടപ്പെട്ടുപോയി. ആ കുട്ടിത്തം നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സമയമായി" എന്ന് ഷറഫുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. "ഇതുപോലെയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല ബാല്യകാല ഓർമ്മകൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 50ഓളം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു. നൃത്തവും പാട്ടും, ഫാഷൻ ഷോ, ഡ്രോയിംഗ് മത്സരം, വിവിധതരം കളികൾ തുടങ്ങി രസകരവും ആകർഷകവുമായ നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ആർട്ട് തെറാപ്പി, കാരിക്കേച്ചർ ആർട്ട്, മാജിക് ഷോ, വിസിൽ ആർട്ടിസ്റ്റുകളുടെ പ്രകടനം തുടങ്ങിയ പ്രത്യേക വിനോദ പരിപാടികളും സംഘടിപ്പിച്ചു.
ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ. ഡോ. നളന്ദ ജയദേവ്, ചീഫ് ഓഫ് മെഡിക്കൽ സർവീസ് ഡോ. ദിലീപ് പണിക്കർ, പീഡിയാട്രിക്സ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജീസൺ സി. ഉണ്ണി, ഡോ. ജോർജ്ജ് പോൾ, പി.ഐ.സി.യു. കൺസൾട്ടന്റ് ഡോ. സെബാസ്റ്റ്യൻ പോൾ, പീഡിയാട്രിക്സ് കൺസൾട്ടന്റ് ഡോ. സജന ടി. എം., കൂടാതെ അനൂപ് പയസ്, സനീഷ്, അഞ്ജു എന്നിവർ പരിപാടിയിൽ സംസാരിച്ചു.