'6 ഘട്ടങ്ങളായി ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനുള്ള ക്രമീകരണം പൂർത്തിയാക്കി, ഡ്രോൺ നിരീക്ഷണം ഉണ്ടാകും': DGP | Sabarimala

ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കും
Arrangements for safe Sabarimala Mandala - Makaravilakku pilgrimage have completed, says DGP
Published on

പത്തനംതിട്ട: സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ആറ് ഘട്ടങ്ങളിലായുള്ള ക്രമീകരണങ്ങളാണ് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Arrangements for safe Sabarimala Mandala - Makaravilakku pilgrimage have completed, says DGP)

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. എസ്.പി.മാർ, അഡീഷണൽ എസ്.പി.മാർ, ഡി.വൈ.എസ്.പി.മാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടും.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ഉണ്ടാകും. പ്രധാന സ്ഥലങ്ങളിൽ കേരള പോലീസിന്റെ കമാൻഡോകളെ വിന്യസിക്കും. പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷ്യൽ ആൻറി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എ.ഐ. (AI) അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം ഉപയോഗപ്പെടുത്തും.

ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാൻ ബൈക്ക്, മൊബൈൽ പട്രോളിംഗ് എന്നിവ ഉണ്ടാകും. പ്രധാന വാഹന പാർക്കിംഗ് ഏരിയ നിലയ്ക്കൽ ആണ്. ഇവിടെ അനധികൃത പാർക്കിംഗ് അനുവദിക്കുകയില്ല. ഇവിടങ്ങളിൽ ആവശ്യത്തിന് സി.സി.ടി.വി., ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കും. ഇടത്താവളങ്ങളിൽ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും.

ഡോളി ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്പ പോലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പമ്പാ തീരത്തും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.

പമ്പാ നദിക്കരയിൽ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4,000 പേരെ വരെ ഉൾക്കൊള്ളാനാകും. ബാരിക്കേഡ്, ലൈഫ് ഗാർഡ്, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ പമ്പാ തീരത്ത് ഒരുക്കിയിട്ടുണ്ട്. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡി.ജി.പി. അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com