ആലപ്പുഴ: അരൂർ-തുറവൂർ ദേശീയപാത ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ തകർന്നു വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിന് പിന്നാലെ എൻ.എച്ച്.എ.ഐ. (NHAI) നിയോഗിച്ച വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കി.( Aroor girder disaster, Expert team visits the site)
എൻ.എച്ച്.എ.ഐ. വിദഗ്ധ സമിതി അംഗങ്ങളായ എ.കെ. ശ്രീവാസ്തവ, എസ്.എച്ച്. അശോക് കുമാർ മാത്തൂർ എന്നിവരാണ് ഗർഡർ തകർന്ന് വീണ ഇടം സന്ദർശിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ (ശനിയാഴ്ച) ദേശീയപാതാ അതോറിറ്റിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എൻ.എച്ച്.എ.ഐ.യുടെ തുടർനടപടികൾ.
ഹരിപ്പാട് സ്വദേശിയായ രാജേഷ് ആണ് ഗർഡർ ദേഹത്ത് വീണ് മരിച്ചത്. സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. രാജേഷിന്റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സാധാരണ റോഡ് അടച്ചിട്ടാണ് പണി നടത്താറെന്നും ഇന്നലെ എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് കരാർ കമ്പനിയുടെ പ്രാഥമിക വിശദീകരണം. കെ.സി. വേണുഗോപാൽ എം.പി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചു.
ഉദ്യോഗസ്ഥരെ ഉടൻ അയക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയതായും കെ.സി. വേണുഗോപാൽ അറിയിച്ചു. സംഭവത്തിൽ ഗഡ്കരി ക്ഷമ ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല പ്രതികരിച്ചത്, രാജേഷിന്റെ മരണത്തിന് ഉത്തരവാദി നിർമാണ കമ്പനിയും സർക്കാരും ആണെന്നാണ്. രാജേഷിന്റെ മകന് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.