തൃശ്ശൂർ : ഹോൺ മുഴക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. സംഭവശേഷം കേച്ചേരി സ്വദേശി കൃഷ്ണ കിഷോറിനായി പേരാമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച രാത്രി 9.30 തോടെയാണ് സംഭവം നടന്നത്. ബാഡ്മിന്റൺ കളിച്ചശേഷം ബിനീഷും അഭിനവും അഭിജിത്തും രണ്ട് ബൈക്കുകളിലായി വരികയായിരുന്നു. മുണ്ടൂർ പെട്രോൾ പമ്പിന് സമീപം ഇവർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഹോൺ മുഴക്കി. സമീപത്തുകൂടി വരുകയായിരുന്ന കൃഷ്ണ കിഷോർ ഇതുകേട്ട് പ്രകോപിതനായി.
തുടർന്ന് ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടെ കൃഷ്ണ കിഷോർ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് മൂവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തിയശേഷം പ്രതി കാറിൽ കയറി രക്ഷപ്പെട്ടു.