തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ, അടൂർ പ്രകാശ് എം.പി. പ്രസ്താവന തിരുത്തി. കെ.പി.സി.സി. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം നിലപാട് തിരുത്തിയതെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വിശദീകരണം.(Always with the survivor, Adoor Prakash corrects his statement on Actress assault case)
അടൂർ പ്രകാശ് തന്റെ പുതിയ വിശദീകരണത്തിൽ മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. "ഞാൻ എന്നും അതിജീവിതക്കൊപ്പമാണ്. അതിജീവിതക്ക് നീതി കിട്ടണം എന്നാണ് എന്റെയും അഭിപ്രായം. കെ.പി.സി.സിയും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്." മാധ്യമങ്ങൾ താൻ നൽകിയ പ്രസ്താവനയുടെ ഒരു വശം മാത്രമാണ് നൽകിയത് എന്നും, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണ്. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കിൽ സർക്കാർ അത് തിരുത്തുകയാണ് വേണ്ടത്. സർക്കാർ അപ്പീൽ പോകുന്നതിനെക്കുറിച്ച് സർക്കാർ തന്നെ തീരുമാനിക്കണം. താൻ അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങൾ അതാണ് വളച്ചൊടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മന്ത്രിമാരായ പി. രാജീവ്, വീണാ ജോർജ് എന്നിവർ അടൂർ പ്രകാശിന്റെ ആദ്യ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു.