കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെ ഒളിപ്പിച്ചു വെച്ച സ്ഥലം സി.പി.എമ്മിന് അറിയില്ലെങ്കിൽ, ആ സ്ഥലം കാണിച്ചു കൊടുക്കാൻ താനും കൂടെ പോകാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Allegations of hiding Rahul Mamkootathil are childish, says Sunny Joseph)
രാഹുലിനോട് രാജി ആവശ്യപ്പെടില്ല എന്നും അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇ.ഡി. നോട്ടീസ് അയച്ചതിനെയും സണ്ണി ജോസഫ് വിമർശിച്ചു. "ഇ.ഡി. നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെന്റ് ആണ്. വിവേക് കിരണിന് അയച്ച നോട്ടീസിന്റെ ഗതി തന്നെയാകും ഇതിനുമുണ്ടാകുക." രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് കടന്നുകളഞ്ഞത് അതിവിദഗ്ധമായാണെന്ന് പോലീസ് കണ്ടെത്തി.
ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സി.സി.ടി.വി. ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയാണ് രാഹുൽ സഞ്ചരിച്ചത്. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴികൾക്ക് സഞ്ചരിച്ചുവെന്നും വിവരമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സി.സി.ടി.വി. പരിശോധനയിൽ രാഹുലിന്റെ റൂട്ട് ഇപ്പോഴും അവ്യക്തമാണ്. ഇന്ന് ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ബലാത്സംഗ കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പോലീസിന്റെ ഊർജ്ജിത നീക്കം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമേ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യുടെ നിർദ്ദേശപ്രകാരം ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തിരച്ചിൽ പുരോഗമിക്കുകയാണ്.
രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യും. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.