തിരുവനന്തപുരം: തലസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച അലൻ കൊലക്കേസിൽ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ ഏറ്റവും നിർണായകമായ തെളിവാണിത്. ഒന്നാം പ്രതി അജിന്റെ സുഹൃത്ത് ശരതിന്റെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫുട്ബോൾ മത്സരത്തെ തുടർന്നുള്ള തർക്കത്തിൽ അലനെ കുത്തിക്കൊലപ്പെടുത്തിയത്.(Alan murder case, Knife used in murder found)
ആദ്യം നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കത്തിയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരുന്നില്ല. തെളിവ് നശിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം. കേസിലെ മുഖ്യപ്രതികളായ അജിൻ, നന്ദു, കിരൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കത്തി ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്.
കൊലപാതകം നടന്ന ദിവസം തന്നെ കത്തി അജിൻ സുഹൃത്തായ ശരതിനെ ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ശരതും സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ഇയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആയുധം കണ്ടെത്തിയതോടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനും കുറ്റപത്രം ശക്തമാക്കാനും പോലീസിന് സാധിക്കും.