അജയ് രാജിന്‍റെ ഫോണില്‍ നിരവധി വായ്പ ആപ്പുകൾ; മെറ്റയെ സമീപിക്കുമെന്ന് പൊലീസ്

വയനാട്: വായ്പ ആപ്പ് ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ വയനാട് അരിമുള സ്വദേശി അജയ് രാജ് ക്യാൻഡി ക്യാഷിനു പുറമെ മറ്റ് വായ്പ ആപ്പുകളും ഉപയോഗിച്ചതായി പോലീസ്. അജയ് രാജിന്‍റെ ഫോണിൽ മറ്റു വായ്പാ ആപ്പുകളും കണ്ടെത്തി. സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു.

ലോണുമായി ബന്ധപ്പെട്ട് അജയ് രാജിന് വന്നതെല്ലാം ഇന്റർനെറ്റ് കോളുകളാണ്. സന്ദേശം വന്ന വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്തണം. ഇതിനായി പോലീസ് മെറ്റയെ സമീപിക്കാനൊരുങ്ങുകയാണ്.
ലോൺ ആപ്പിൽ നിന്ന് പണം വായ്‌പ്പാ എടുത്തതിന് പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യയും മക്കളും അടക്കമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ എത്തിയിരുന്നു. പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് അജയ് രാജിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.