Times Kerala

കൃഷിവകുപ്പിന്റെ ഓണച്ചന്തയിൽ 44.35 ലക്ഷം രൂപയുടെ വിറ്റുവരവ് 

 
 പച്ചക്കറി കൃഷിയുമായി പള്ളിപ്പുറം പഞ്ചായത്ത്
 കൃഷി വകുപ്പിന്റെ ഓണച്ചന്തകളിലൂടെ ആലപ്പുഴ ജില്ലയില്‍ 44.35 ലക്ഷം രൂപയുടെ വിറ്റുവരവ്. ഓണത്തോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) എന്നിവയുമായി ചേര്‍ന്നാണ് ഓണച്ചന്തകള്‍ ഒരുക്കിയത്. കൃഷി വകുപ്പിന്റെ 80 വിപണികളും ഹോര്‍ട്ടികോര്‍പ്പിന്റെ 53, വി.എഫ്.പി.സി.കെ.യുടെ 12 വിപണികളും കുടുംബശ്രീയുടെ വിപണികളുമാണ് ജില്ലയില്‍ ഒരുക്കിയത്.
കര്‍ഷകരില്‍ നിന്ന് നേരിട്ടും ഹോര്‍ട്ടികോര്‍പ്പ് വഴിയും സംഭരിച്ച പച്ചക്കറികളില്‍ 71.189 ടണ്‍ വിറ്റഴിച്ചു. ഇതിലൂടെ 34.04 ലക്ഷം രൂപയുടെ വരുമാനം നേടി. പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ചത്. വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച നാടന്‍ പച്ചക്കറികളാണ് ചന്തയില്‍ വില്‍പ്പന നടത്തിയത്. എല്ലാ കൃഷിഭവനുകളിലും ഓണച്ചന്ത പ്രവര്‍ത്തിച്ചു. വി.എഫ്.പി.സി.കെ.യിലൂടെ 20.69 ടണ്‍ വിറ്റഴിച്ചു. 10.31 ലക്ഷം രൂപ വരുമാനം നേടി.

Related Topics

Share this story