തിരുവനന്തപുരം : ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്.കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
പ്രസംഗത്തിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ല.ആക്ടിവിസ്റ്റ് ദിനു വെയിലാണ് അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും പരാതി നല്‍കിയത്. ഇമെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു.
സിനിമാ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണം.ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത്.