വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണത്തിൽ സുനില്‍ കനഗോലുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് എ എ റഹിം
Nov 18, 2023, 14:17 IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചത് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ പരീക്ഷണമാണെന്നും സംഭവത്തില്‍ സുനില്‍ കനഗോലുവിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും എ എ റഹീം എം പി പറഞ്ഞു. തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനയാണു പുറത്തുവരുന്നത്. കേരളത്തില്‍ അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണം. സംഭവത്തില്‍ ഡി ജി പിക്ക് ഡി വൈ എഫ് ഐയും തെരഞ്ഞെടുപ്പ് കമ്മീഷനു താനും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നടപടി സംഘടിത കുറ്റകൃത്യമാണെന്നും റഹീം ആരോപിച്ചു. വോട്ടുകള്‍ അനുകൂലമാക്കാന്‍ ഹാക്കര്‍മാരെ ഉപയോഗിച്ചു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേരത്തെ കുറ്റകൃത്യത്തില്‍ അന്വേഷണം നേരിടുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രഫഷണല്‍ ഹാക്കറുടെ സേവനം ഇതിന് പിന്നിലുണ്ട്.