ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയത്തിനും എ പ്ലസ്; കണ്ണീരോർമയായി സാരംഗ്
Fri, 19 May 2023

തിരുവനന്തപുരം കല്ലമ്പലത്ത് ആശുപത്രിയിൽ പോയി മടങ്ങവേ ഓട്ടോറിക്ഷ അപകടത്തെത്തുടർന്ന് മരിച്ച ബി. ആർ സാരംഗിന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണു നേട്ടം. അവയവ ദാനത്തിലൂടെ ജീവന്റെ തുടിപ്പുകൾ ലോകത്ത് അവശേഷിപ്പിച്ചാണ് സാരംഗിന്റെ അകാലത്തിലുള്ള വേർപാട്.
ആറ്റുകാൽ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാർഥി ആയിരുന്നു സാരംഗ്. മരണത്തെത്തുടർന്ന് ആറു പേർക്ക് അവയവങ്ങൾ ദാനം ചെയ്തു. സങ്കടക്കടലിനിടയിലും സാരംഗിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം കാണിച്ച സന്നദ്ധതയെ ഹൃദയംകൊണ്ട് അഭിനന്ദിക്കുന്നതായി ഫലപ്രഖ്യാപന വേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിതന്നെയാണു സാരംഗിന്റെ പരീക്ഷാ ഫലവും അറിയിച്ചത്.