തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) അപേക്ഷ നൽകി. വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സാവകാശം തേടിയതെന്നാണ് സൂചന.(A Padmakumar seeks time for questioning in Sabarimala gold theft case)
സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഈ നിർണായക നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം സാവകാശം തേടുകയായിരുന്നു. എങ്കിലും, അദ്ദേഹത്തെ അധികം വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഴിമതി നിരോധന വകുപ്പുകൾ (പി.സി. ആക്ട്) കൂടി ചുമത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ റാന്നി കോടതിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, പ്രതികളിലൊരാളായ മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി കോടതി മാറ്റി വെച്ചിട്ടുണ്ട്.