കോഴിക്കോട്: കലക്ടറേറ്റിന് മുൻവശത്തെ റോഡിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. നായകൾ പിന്നാലെ ഓടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു.(A pack of stray dogs chased and attacked a scooter rider in Kozhikode)
സിവിൽ സ്റ്റേഷൻ-കോട്ടുളി റോഡിൽ താമസിക്കുന്ന നസീബ് ഹൗസിൽ കെ.പി. അബ്ദുൾ ജലീൽ (62) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സിവിൽ സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്ന തെരുവ് നായകൾ ജലീലിന്റെ സ്‌കൂട്ടറിന് പിന്നാലെ ഓടി. നാല് നായകൾ നൂറ് മീറ്ററോളം പിറകെ ഓടുകയും ഒരു നായ കടിക്കാനായി കാലിലേക്ക് ചാടുകയും ചെയ്തു.
നായയുടെ ആക്രമണശ്രമത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടർ മറിഞ്ഞു. സ്‌കൂട്ടർ മറിഞ്ഞപ്പോൾ ഭയന്ന നായകൾ പിന്മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. സ്‌കൂട്ടറിനടിയിൽപ്പെട്ട ജലീൽ ബഹളം വെച്ചതിനെ തുടർന്ന് അടുത്ത വീട്ടുകാരനായ വടക്കേൽ ബിജുവും കുടുംബവുമാണ് ഓടിയെത്തി രക്ഷിച്ചത്.
ജലീലിന്റെ വലത് കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഹെൽമറ്റ് തെറിച്ചുപോവുകയും തകരുകയും ചെയ്തു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.