സംസ്ഥാനത്തിന് പുതിയ നേട്ടം; 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Nov 21, 2023, 15:10 IST

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 2 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് കിട്ടിയത്.

തൃശൂര്‍ എഫ്.എച്ച്.സി മാടവന 98% സ്കോറും കാസര്‍ഗോഡ് എഫ്.എച്ച്.സി ബെള്ളൂര്‍ 87% സ്കോറും നേടിയാണ് പുതുതായി അംഗീകാരം ലഭിച്ചത്. കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 73 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുക്കാനായി.