മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു

മേലാറ്റൂർ: മാസങ്ങൾ മുമ്പ് മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മക്കുനേരെ അതേ സംഘത്തിന്റെ ആക്രമണം. വീട്ടമ്മയായ തച്ചാംകുന്നൻ നഫീസയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ തമിഴ്നാട് ഉക്കടം സ്വദേശി ക്വാജ ഹുസൈൻ (39), മുള്ളിയാകുർശ്ശി കീഴുവീട്ടിൽ മെഹബൂബ് (58), പന്തലംചേരി അബ്ദുൽ നാസർ എന്ന പൂച്ച നാസർ (32) എന്നിവരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടമ്മ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് പൊലീസ് പിടിയിലായി ജയിലിൽ നിന്ന് ഇറങ്ങിയ സംഘാംഗങ്ങൾ നേരത്തെ ക്വട്ടേഷന് പറഞ്ഞുറപ്പിച്ച പ്രതിഫലത്തെച്ചൊല്ലി വീട്ടമ്മയുമായി വാക്തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകായുധങ്ങളുമായി മുള്ളിയാകുർശ്ശിയിെല വീട്ടിലെത്തി വീട്ടമ്മയെ ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയുമായിരുന്നു. മെയ് ഒന്നിന് പ്രതികൾ വീട്ടമ്മയുടെ നിർദേശപ്രകാരം മകന്റെ ബൈക്ക് കത്തിച്ചിരുന്നു. കുടുംബപ്രശ്നത്തെത്തുടർന്നാണ് വീട്ടമ്മ ക്വട്ടേഷൻ നൽകിയത്. പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.