കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; അറസ്റ്റിലായി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം
Jan 25, 2023, 16:40 IST

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താനായി ഗ്രീഷ്മ ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തിയെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു.അതേസമയം, ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. എന്നാൽ ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോണ്‍ തയ്യാറായില്ല. ഇതോടെയാണ് കൊലപാതകത്തിന് തീരുമാനിച്ചതെന്നാണ് കണ്ടെത്തല്‍. ആസൂത്രിത കൊലപാതകമെന്നതിന്റെ തെളിവായി കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിന് മുന്‍പ് ജ്യൂസില്‍ ഡോളോ ചേര്‍ത്ത് നല്‍കിയതിന്റെയും, കഷായത്തില്‍ വിഷം കലര്‍ത്തുന്നതിനേക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതിന്റെയുമെല്ലാം തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കഷായം നല്‍കിയത് എന്നതിനു തെളിവായി വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം വീണ്ടെടുത്തു.അതേസമയം, 90 ദിവസത്തിനു മുന്‍പ് കുറ്റപത്രം നല്‍കിയതോടെ വിധി വരും വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴി അടഞ്ഞു.