Times Kerala

 ശബരിമല യാത്ര, അടിയന്തര വൈദ്യസഹായ  കേന്ദ്രങ്ങള്‍ സജീവം: ഡി.എം.ഒ

 
 ശബരിമല യാത്ര, അടിയന്തര വൈദ്യസഹായ  കേന്ദ്രങ്ങള്‍ സജീവം: ഡി.എം.ഒ
 

പത്തനംതിട്ട: നിലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പമ്പ ആശുപത്രി, നീലിമല അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, സന്നിധാനം ആശുപത്രി എന്നിവയ്ക്കു പുറമെ പമ്പ മുതല്‍ സന്നിധാനം വരെ അടിയന്തര വൈദ്യ സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള നീലിമല പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 15 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളാണുള്ളത്. ഇവ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്.

മലകയറുന്നതിനിടെ തളര്‍ച്ചയോ, ക്ഷീണമോ അനുഭവപ്പെടുന്നവര്‍ക്ക് വിശ്രമിക്കാനും ഓക്‌സിജന്‍ ശ്വസിക്കാനും പ്രഥമശ്രൂഷയ്ക്കുമുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ട്. ഇതുകൂടാതെ പള്‍സ്ഓക്‌സിമീറ്റര്‍, ഹൃദയ പുനരുജ്ജീവനത്തിനുള്ള എക്‌സ്റ്റേണല്‍ ഡിഫ്രിബിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ചുമതലയിലാണ് ഈകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതകളില്‍ എന്തെങ്കിലും അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര വൈദ്യസഹായ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെത്തി ഹൃദയ പുനരുജ്ജീവനം ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കും.

തുടര്‍ന്ന് ഓരോ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അയ്യപ്പസേവാസംഘം സ്‌ട്രെച്ചര്‍ വോളണ്ടിയര്‍മാര്‍ ഇവരെ കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കും. അടിയന്തര വൈദ്യസഹായം ആവശ്യമായാല്‍ പമ്പയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0473 5 203 232 എന്ന നമ്പരില്‍ ബന്ധപ്പെടാം. എരുമേലിയില്‍ നിന്നും വരുന്ന പരമ്പരാഗത കാനനപാതയില്‍ വനം വകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട്, കരിമല എന്നിവിടങ്ങളിലും അടിയന്തരവൈദ്യ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.

Related Topics

Share this story