കണ്ണൂർ ഇരട്ടക്കൊലപാതകം: കുറ്റകൃത്യത്തിന് പിന്നിൽ വാഹന വിൽപനയുമായി ബന്ധപ്പെട്ട തർക്കവും ഉണ്ടെന്ന് റിപ്പോർട്ട്

353

കണ്ണൂർ: തലശ്ശേരിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ ലഹരിമരുന്ന് വിൽപനക്കാർ ഉൾപ്പെട്ട മുഖ്യപ്രതിയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച ഇരിട്ടിയിൽ നിന്നാണ് മുഖ്യപ്രതി പറയി ബാബു അറസ്റ്റിലായത്. ഇയാൾ കൊല്ലപ്പെട്ടവരുടെ നാടായ നിട്ടൂർ സ്വദേശിയാണ്.

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചത്. പ്രതികൾക്ക് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. വാഹന വിൽപനയുമായി ബന്ധപ്പെട്ട തർക്കവും കുറ്റകൃത്യത്തിന് പിന്നിൽ കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ബാബുവിന്റെ ഭാര്യാസഹോദരൻ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.  മത്സ്യത്തൊഴിലാളിയായ ഖാലിദ് (52), ഭാര്യാസഹോദരൻ ഷമീർ (40) എന്നിവരെ ബുധനാഴ്ചയാണ് പ്രതികൾ വെട്ടിക്കൊന്നത്. നിരോധിത വസ്തുക്കൾ വിൽക്കുന്നതിനെ എതിർത്തതിന്റെ പേരിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനെ ക്രൂരമായി മർദ്ദിച്ചതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ട രണ്ടുപേരെയും ഇരയുടെ ബന്ധുവായ മൂന്നാമനെയും സംഘം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ ഷമീറിന്റെ ബന്ധു ഷാനിദ് (38) ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമീറിന്റെ മകൻ ഷബീലിനെ കഴിഞ്ഞ ദിവസം ഇതേ സംഘം മർദിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച ഖാലിദും ഷമീറും ഷാനിദും ആശുപത്രിയിലായിരുന്നപ്പോൾ, പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പുറത്തേക്ക് വരാൻ സംഘാംഗങ്ങൾ വിളിച്ചിരുന്നു. ആശുപത്രി വിട്ട് പുറത്തിറങ്ങിയപ്പോൾ സമീപത്തെ പാർക്കിംഗ് ഏരിയയിൽ വച്ച് ഓട്ടോറിക്ഷയിലെത്തിയ സംഘം മൂവരെയും ആക്രമിക്കുകയായിരുന്നു.

മൂവരെയും നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഖാലിദ് അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഷമീർ വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാകാം ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം അക്രമം അഴിച്ചുവിടാനുള്ള മറ്റൊരു കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this story