Times Kerala

ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; ഇ-കുതിപ്പിന് വഴിയൊരുക്കി കെ-ഫോൺ

 
ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; ഇ-കുതിപ്പിന് വഴിയൊരുക്കി കെ-ഫോൺ
 

ഇന്റർനെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ആ അവകാശം സാമൂഹിക പ്രതിബദ്ധതയോടെ എല്ലാവർക്കും എല്ലായിടങ്ങളിലും അതിവേഗ ഇന്റർനെറ്റ് നൽകുന്ന പദ്ധതി നടപ്പാക്കുകയാണ് കെഫോൺ പദ്ധതിയിലൂടെ. പ്രളയവും മഹാമാരിയും മറികടന്ന് കേരള സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെഫോൺ എന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് സ്വപ്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തിന്റെ ഡിജിറ്റൽ പശ്ചാത്തലസൗകര്യ സേവനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ 61.38 ശതമാനത്തിലധികം പൂർത്തീകരിച്ച് മാതൃകാ സംസ്ഥാനമായിരിക്കുകയാണ് കേരളം.

കോവിഡിന്റെ വരവ് ഇന്റർനെറ്റിന്റെ ആവശ്യകത ഇരട്ടിയാക്കിയപ്പോൾ കെഫോൺ പദ്ധതിയുടെ പ്രസക്തി വർധിച്ചു. മഹാമാരിയുടെ വരവോടെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനും അനുഗ്രഹമാകാൻ ദീർഘവീക്ഷണത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കെഫോൺ. ഗ്രാമങ്ങളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നു എന്നതാണ് കെഫോൺ പദ്ധതിയുടെ വലിയ പ്രത്യേകത.

കേരളത്തിൽ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്നതാണ് കെഫോൺ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം പേർക്കാണ് സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകുന്നത്. ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുക. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും 100 ബിപിഎൽ വീടുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം എത്തിച്ചുകൊണ്ട് കെഫോൺ പദ്ധതി പൊതുനങ്ങൾക്കിടയിൽ തുടക്കമാകും. സെക്കന്റിൽ 10 മുതൽ 15 എംബി വേഗത്തിൽ 1.5 ജിബി ഡേറ്റ ദിവസേന സൗജന്യമാണ്.

1531 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കെഫോൺ പദ്ധതിക്കായി 52000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ 30,000ഓളം വരുന്ന സർക്കാർ സ്ഥാപനങ്ങളിൽ 17,891 എണ്ണത്തിലും കെഫോൺ കണക്ഷൻ നൽകി. നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ പ്രവൃത്തി പൂർത്തീകരിച്ചു. ഏഴ് ജില്ലകളിലെ 300ലധികം സർക്കാർ ഓഫീസുകളിൽ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ കെഫോൺ സേവനം നൽകുന്നുണ്ട്.8551 കി.മീ വരുന്ന ബാക്‌ബോണ്‍ നെറ്റ്വര്‍ക്കില്‍ 5333 കി.മീ പൂര്‍ത്തിയായി. ആക്‌സസ് നെറ്റ്വര്‍ക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതില്‍ 14133 കി.മീ പൂര്‍ത്തീകരിച്ചു. 376 പോയിന്റ് ഓഫ് പ്രസന്‍സ് നോഡുകളില്‍ (PoP) 118 എണ്ണം പൂര്‍ത്തീകരിച്ചു.

ഇ-കൊമേഴ്‌സ് സൗകര്യങ്ങൾ വഴി വിപണനം നടത്താൻ ഗ്രാമങ്ങളിലെ സംരംഭകർക്കുപോലും സാധിക്കുമെന്നതാണ് കെഫോണിന്റെ മൂല്യം ഇരട്ടിയാക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ സേവനങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്. എന്നാൽ, സേവനദാതാവായ ഓഫീസിലെയും സേവനം കിട്ടേണ്ട ഗുണഭോക്താവിന്റെയും ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാണെങ്കിൽ മാത്രമേ ഇത് ഫലപ്രദമാകൂ. ഇതും കൂടി ഉറപ്പാക്കുകയാണ് കെഫോൺ പദ്ധതി വഴി ചെയ്യുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്റ്റാർട്ടപ്പുകൾക്ക് കെഫോൺ ഏറ്റവും പ്രയോജനം ചെയ്യും. കെ.എസ്.ഇ.ബിയുടെ വിതരണ-അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നത്. കേരളത്തിന്റെ തൊഴിൽ, വിദ്യാഭ്യാസ സാമൂഹിക, ആരോഗ്യ രംഗങ്ങളെ ഏറെ സ്വാധീനിക്കുന്നതാണ് കെഫോൺ പദ്ധതി.

Related Topics

Share this story