Times Kerala

 റെയിൽവേ പൊലീസുകാർക്ക് നേരെ കൈയേറ്റം; വനിതാ ഡോക്ടർക്ക് എതിരെ കേസെടുത്തു

 
crime
 തിരുവല്ല : റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വനിതാ ഡോക്ടർക്കെതിരെ കേസെടുത്തു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി എസ് ബെറ്റിക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസിൽ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. കമ്പാർട്ട്‌മെന്റിൽ സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരന്റെ നേരെ കൈയേറ്റ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തിൽ ഇടപെട്ടു, വിവരമറിഞ്ഞു റെയിൽവേ പോലീസ് എത്തി. രണ്ട് ഉദ്യോഗസ്ഥർ ബെറ്റിയെ മറ്റൊരു കമ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മൊബൈൽ ഫോൺ ബെറ്റി പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭർത്താവിന്റെയും സഹോദരൻ്റെയും ജാമ്യത്തിൽ വിട്ടയച്ചു.

Related Topics

Share this story