Times Kerala

 യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും

 
 യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും
തിരുവനന്തപുരം: യുവാക്കളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗം വർധിക്കുന്നതു തടയാൻ കൃത്യമായ പരിശോധനകളും ബോധവത്ക്കരണവും നടത്തുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എക്സൈസ് വകുപ്പിലേക്ക് പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉത്പന്നങ്ങളുടെ വിപണന ശൃംഖല കണ്ടെത്താനും തടയുന്നതിനും വകുപ്പ് സജ്ജമാണെന്നു മന്ത്രി പറഞ്ഞു. അമിതമായ മദ്യാസക്തി കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.എക്സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ വാഹനങ്ങൾ വാങ്ങിയത്. ഇതിനായി 86.72 ലക്ഷം രൂപയാണു ചെലവഴിച്ചത്. വകുപ്പിലേക്ക് ഈ വർഷം വാഹനങ്ങൾ പർച്ചേസ് ചെയ്യുന്നതിനായി പദ്ധതിയിനത്തിൽ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വകുപ്പിനെ ആയുധവത്ക്കരിക്കുന്നതിന്റെ ഭാഗമായി 60 പിസ്റ്റലുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വാങ്ങി. പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനായി മൂന്നു ആധുനിക ചോദ്യം ചെയ്യൽ മുറികളും സ്ഥാപിച്ചു. ചെക്ക് പോസ്റ്റുകൾ സുതാര്യമാക്കുന്നതിനായി നിലവിലുള്ള 14 എണ്ണത്തിന് പുറമെ 8 ചെക്ക് പോസ്റ്റുകളിൽ കൂടി സി.സി.ടി.വി സ്ഥാപിച്ചു. ഫെൽഡ് ഓഫീസുകളിലെ എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ നിരീക്ഷണം ശക്തമാക്കുന്നതിനു 11.55 ലക്ഷം ചെലവഴിച്ച ജി പി എസ് സംവിധാനവും ഈ വർഷം നടപ്പാക്കും.

Related Topics

Share this story