കോഴിക്കോട്ട് ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസുകാരിക്ക് പരിക്ക്
Sep 17, 2023, 20:14 IST

കോഴിക്കോട്: കൊടുവള്ളിയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസുള്ള പെൺകുട്ടിക്ക് പരിക്ക്. പോങ്ങോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മടവൂര്‍ പുതുശേരിമ്മല് ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് വൈകിട്ടുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഇവരുടെ വാടകവീടിന് സമീപത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. സമീപത്തുള്ള കടയിലേക്ക് പോകാനായി ഇറങ്ങിയ സമയത്താണ് അതുല്യയുടെ ശരീരത്തിലേക്ക് മതിൽ ഇടിഞ്ഞുവീണത്.

സംഭവം കണ്ടുനിന്ന നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഷിജുവിന്റെ ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.