ആലുവ: ദേശം പുറയാറിലെ വീട്ടിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തിറങ്ങിയ അഞ്ച് വയസ്സുകാരൻ ഓടിയത് ഏകദേശം മൂന്ന് കിലോ മീറ്ററോളം. ഇന്നലെ വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.(5-year-old boy walks out of house without anyone noticing in Aluva, Found)
അടുത്തുള്ള വീടുകളും വഴികളും പരിശോധിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ അവർ നെടുമ്പാശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ വ്യാപകമാക്കി. പോലീസും ബന്ധുക്കളും വീട്ടുകാരും ചേർന്ന് കുട്ടിയെ തിരയുന്നതിനിടെ, വീടിന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ദേശം മംഗലപ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മംഗലപ്പുഴ പാലത്തിന് സമീപമുള്ള ഒരു ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു ചെറിയ കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ട് സംശയം തോന്നിയ ഇദ്ദേഹം കുട്ടിയെ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടി ഒറ്റക്കാണെന്ന് മനസിലാക്കിയതോടെ ഇദ്ദേഹം ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ദേശം–കാലടി റോഡിലൂടെ നടന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച സമയത്താണ് കുട്ടിയെ കണ്ടെത്തിയത്. പോലീസ് എത്തി കുട്ടിയുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറി.