10 വയസ്സുകാരിയെ പീഡിപ്പിച്ച 47കാരന് എട്ട് വര്‍ഷം കഠിനതടവും പിഴയും
Sep 5, 2023, 08:44 IST

മഞ്ചേരി: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി എട്ട് വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചു. പിഴതുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. മൊറയൂര്‍ വാലഞ്ചേരി ചക്കുതൊടിക വീട്ടില്‍ സൈതലവിയെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. 2020 ഏപ്രിലിലായിരുന്നു സംഭവം നടന്നത്. വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമയാണ് പ്രതി. കൊണ്ടോട്ടി എസ്.ഐയായിരുന്ന വിനോദ് വലിയാറ്റൂര്‍ 2020 നവംബര്‍ മൂന്നിന് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രതിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ എസ്.ഐ വി.വി. വിമലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ ഹാജരായി.