ചന്തകളിൽനിന്ന് 45 കിലോ പഴകിയ മത്സ്യം പിടികൂടി
Sep 9, 2023, 21:35 IST

വർക്കല: ചെമ്മരുതി പഞ്ചായത്തിലെ തച്ചോട്, ചാവടിമുക്ക് മാർക്കറ്റുകളിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷ വിഭാഗവും പഞ്ചായത്ത് ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. തച്ചോട്, ചാവടിമുക്ക് മാർക്കറ്റുകളിൽ പതിവായി പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യവിൽപനയുണ്ടെന്ന് പരാതിയുണ്ടായിരുന്നു. തച്ചോട് മത്സ്യമാർക്കറ്റിൽനിന്ന് 15 കിലോ കൊഴിയാളയും ചാവടിമുക്ക് മാർക്കറ്റിൽനിന്ന് 10 കിലോയോളം ചൂരയും കല്ലമ്പലം മത്സ്യമാർക്കറ്റിൽനിന്ന് 20 കിലോയോളം ചൂരയും പിടിച്ചെടുത്തു. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം മത്സ്യങ്ങൾ പഴകിയതാണെന്ന് കണ്ടെത്തിയത്.
അമോണിയ പുരട്ടിയതും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തി. ഫ്രീസ് ചെയ്ത് വിൽക്കേണ്ട മത്സ്യങ്ങൾ ഐസ് ഇടാതെ ഫ്രഷ് ആണെന്നുള്ള വ്യാജേന മണൽ വിതറിയാണ് ഇപ്പോഴും വിൽപന നടത്തുന്നതെന്നും ഇത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഡോ. പ്രവീൺ പറഞ്ഞു.
